കമാനം നിര്‍മ്മിച്ചു, 11 കെ.വി ലൈനോട് ചേര്‍ന്ന്⭕🔰

 

കട്ടപ്പന: നഗരത്തില്‍ ഇടശ്ശേരി ജംഗ്ഷനില്‍ പുതിയ ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്ത് കട്ടപ്പന നഗരസഭ നിർമ്മിക്കുന്ന കാമാനത്തിന്റെ ഒരു ഭാഗം 11 കെ.വി ലൈൻ, ട്രാൻസ്‌ഫോർമർ എന്നിവയോട് ചേർന്നാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആക്ഷേപം.

ഇത് വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് വ്യാപാരികളടക്കം ചൂണ്ടിക്കാണിക്കുന്നു. കമാന നിർമ്മാണവുമായി ബന്ധപ്പെട്ട് വേണ്ടത്ര ജാഗ്രത നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. പുതിയ ബസ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയായി വാഹനങ്ങള്‍ കയറുന്ന ഇടശ്ശേരി ജംഗ്ഷനില്‍ കട്ടപ്പന നഗരസഭ ബസ് സ്റ്റാൻഡ് എന്ന പേര് ആലേഖനം ചെയ്തുള്ള കമാനം നിർമ്മിക്കുന്ന പ്രവർത്തനങ്ങള്‍ ആരംഭിച്ചു. ട്രാൻസ്‌ഫോർമറുകള്‍ 11 കെവി ലൈനുകള്‍ എന്നിവയോട് ചേർന്നാണ് ഈ കമാനത്തിന്റെ ഒരു ഭാഗം നില്‍ക്കുന്നത്. ഇത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. വലിയ വാഹനങ്ങള്‍ കടന്ന് വരുന്ന ഒരു ഭാഗമായതിനാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഈ കമാനത്തില്‍ വാഹനം ഇടിക്കുന്ന സാഹചര്യമുണ്ടായാല്‍ ട്രാൻസ്‌ഫോർമറിലേക്കും ലൈൻ കമ്ബിയിലേക്കുമാണ് കമാനം വീഴുക. ഇങ്ങനെ സംഭവിച്ചാല്‍ ഇത് വലിയ അപകടത്തിനിടയാക്കും. കൂടാതെ കെ.എസ്.ഇ. ബിയുടെ ഭാഗത്തു നിന്ന് ഈ വിഷയത്തില്‍ അലംഭാവം ഉണ്ടായിട്ടുണ്ടെന്ന് ആളുകള്‍ പറയുന്നു.

മാറ്റി സ്ഥാപിക്കണം

കമാന നിർമ്മാണവുമായി ബന്ധപ്പെട്ട് കട്ടപ്പന നഗരസഭയുടെ ഭാഗത്തു നിന്ന് ജനങ്ങളുടെ സുരക്ഷ മുൻനിറുത്തിയുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്നും അടിയന്തരമായി ട്രാൻസ്‌ഫോർമറിന്റെയും വൈദ്യുതി ലൈനിന്റെയും ഭാഗത്തു നിന്ന് കമാനം മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

أحدث أقدم