⭕🔰ഇടുക്കി കുടിയേറ്റ സ്മാരക വില്ലേജ് 17നു തുറക്കും⭕🔰

 

ഇടുക്കി: ജില്ലയുടെ കുടിയേറ്റത്തിന്റെയും കുടിയേറ്റ കർഷകരുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കുടിയേറ്റ സ്‌മാരക ടൂറിസം വില്ലേജിന്റെ ഉദ്ഘാടനം 17ന് രാവിലെ 10.30ന് ഇടുക്കി പാർക്കിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഇൻസ്റ്റലേഷൻ ഓഫ് ഫോട്ടോ ഫ്രെയിംസ് അറ്റ് -7 ലൊക്കേഷൻസ് ഇടുക്കി പദ്ധതിയുടെ ഉദ്ഘാടനം ഹിൽ വ്യൂ പാർക്കിലും മന്ത്രി നിർവഹിക്കും.

ഇടുക്കി ആർച്ച് ഡാമിന് സമീപമാണ് കുടിയേറ്റ സ്മ‌ാരക ടൂറിസം വില്ലേജ്. മലബാറിൽനിന്നും തിരുവിതാംകൂറിൽനിന്നും ഇടുക്കിയുടെയും കോട്ടയത്തിന്റെയും താഴ്ന്ന പ്രദേശങ്ങളിൽനിന്നുള്ള കുടിയേറ്റ കർഷകരുടെ പരീക്ഷണങ്ങളും പ്രയാസങ്ങളും വില്ലേജിലെ ഉയർന്ന ശില്പങ്ങളിലൂടെയും ഇൻസ്റ്റലേഷനുകളിലൂടെയും വിനോദസഞ്ചാരികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉദ്യാനപദ്ധതിയോട് ചേർന്നുള്ള അഞ്ച് ഏക്കറിലാണ് വില്ലേജ്. പത്ത് കോടിയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019ലാണ് അനുമതി നൽകിയത്. ഒന്നാം ഘട്ടമായി അനുവദിച്ച മൂന്നു കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയായത്.

ഏറ്റവും മുകളിലായി സ്‌മാരക മ്യൂസിയവും കോഫി ഷോപ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 36 അടി ഉയരത്തിൽ കർഷകന്റെ രൂപത്തിൽ നിർമിച്ചിരിക്കുന്ന പ്രവേശനകവാടമാണ് പ്രധാന ആകർഷണം. ശില്പങ്ങൾക്ക് മികച്ച ലൈറ്റ് സംവിധാനവും ഇരിപ്പിടങ്ങളും പാതയോരങ്ങളിൽ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഉദ്യാനവും കുട്ടികൾക്കായി പാർക്കും ആരംഭിക്കും.

അറ്റ് -7 ലൊക്കേഷൻസ് ഇടുക്കി എന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കം കുറിക്കും. 2022ലാണ് ടൂറിസം വകുപ്പ് പദ്ധതിക്ക് 38,17,116 രൂപയുടെ ഭരണാനുമതി നൽകിയത്. രാമക്കൽമേട്, പാഞ്ചാലിമേട്, വാഗമൺ അഡ്വഞ്ചർ പാർക്ക്, ഇടുക്കി ഹിൽവ്യൂ പാർക്ക്, ശ്രീനാരായണപുരം, അരുവിക്കുഴി, വാഗമൺ മൊട്ടക്കുന്ന് എന്നിവിടങ്ങളിലാണ് വിനോദ സഞ്ചാരികൾക്ക് ചിത്രങ്ങൾ പകർത്താനും മറ്റുമായി ഫോട്ടോഫ്രെയിംസ് സ്ഥാപിക്കുന്നത്.

Post a Comment

Previous Post Next Post