രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എൻ്റെ കേരളം - 2025 പ്രദർശന വിപണന മേളയ്ക്ക് ഇടുക്കിയിൽ തുടക്കമായി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഘോഷയാത്രയിൽ ചെണ്ടമേളം, ബാൻഡ് മേളം, നാസിക് ഡോൾ തുടങ്ങിയ വാദ്യമേളങ്ങളും മന്നാൻ കൂത്ത്, മയിലാട്ടം, തെയ്യം തുടങ്ങിയ തനത് കലാരൂപങ്ങളും അണിനിരന്നു. വർണക്കുടകളുമായി കുടുംബശ്രീ വനിതകളും ഘോഷയാത്രയിൽ പങ്കെടുത്തു. യാത്രയെ വർണാഭമാക്കി.
മന്ത്രി റോഷി അഗസ്റ്റിൻ, എ. രാജാ എംഎൽഎ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. "എന്റെ കേരളം" എന്ന പേരിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രദർശന വിപണനമേളയുടെ ഭാഗമായാണ് ഇടുക്കിയിലും പ്രദർശനം നടക്കുന്നത്.
തീം സ്റ്റാളുകൾ, വാണിജ്യ സ്റ്റാളുകൾ, സർവീസ് സ്റ്റാളുകൾ, കാർഷിക പ്രദർശന വിപണനമേള, ഭക്ഷ്യമേള, പി.ആർ.ഡി, കിഫ്ബി, ടൂറിസം, പൊതുമരാമത്ത്, കൃഷി, സ്റ്റാർട്ടപ്പ് എന്നിവയുടെ പവലിയനുകളും പ്രദർശനമേളയുടെ ഭാഗമാകും. ദിവസവും സാംസ്കാരിക പരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.
ഏപ്രിൽ 29 മുതൽ മെയ് 5 വരെ വാഴത്തോപ്പ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്താണ് പ്രദർശനമേള.
Post a Comment