⭕കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാതായതോടെ രോഗികൾക്ക് തീരാദുരിതം🔰

 


കട്ടപ്പന : കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാതായതോടെ ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിന് രോഗികൾ പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം രോഗികളുടെ നീണ്ടനിരയാണ് ആശുപത്രിക്ക് മുന്നിൽ ഉണ്ടായത്. ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നടപടി ഉണ്ടാകുന്നില്ല.

തിങ്കളാഴ്‌ച മൂന്നു ഡോക്ടർമാരുടെ സേവനം മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ മുതൽ മണിക്കൂറുകൾ രോഗികൾക്ക് കാത്തിരിക്കേണ്ടി വന്നു. ചിലർ ഡോക്ടറെ കാണാതെ മടങ്ങുകയും ചെയ്തു.

താലൂക്ക് ആശുപത്രിയിൽ ഇതു നാളുകളായി തുടരുന്ന പ്രതിസന്ധിയാണ്. നിരവധി പരാതികളും നിവേദനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിട്ടും ഡോക്ടർമാരുടെ സ്ഥിരമായിട്ടുള്ള നിയമനം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്.

ആകെ 12 ഡോക്ടർമാരുടെ തസ്തികയുള്ളടത്താണിപ്പോൾ മൂന്നു ഡോക്ടർമാർ മാത്രം സേവനത്തിനുള്ളത്. ഇത് നിലവിലുള്ള ഡോക്ടർമാരുടെ ജോലി ഭാരം കൂട്ടുന്നതിനും കാരണമാകുന്നു. താലൂക്ക് ആശുപത്രിയിൽ നിയമിച്ചിട്ടുള്ള ചില ഡോക്ടർമാർ സ്വന്തം താത്പര്യപ്രകാരം മറ്റ് ആശുപത്രിയിലേക്ക് മാറിപ്പോകുന്നതായും ആക്ഷേപമുണ്ട്. പ്രതിഷേധം ശക്തമാകുന്പോൾ താത്കാലിക നിയമനങ്ങൾ നടത്തി അധികൃതർ തടിതപ്പുകയാണ്.

വിഷയം ഡിഎംഒയെ വിളിച്ചറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല. തോട്ടം- ആദിവാസി മേഖലകളിൽനിന്നുള്ള സാധാരണക്കാരായ ആളുകളുടെ ആശ്രയമാണ് താലൂക്ക് ആശുപത്രി.

ഇവിടെയെത്തുന്ന ആളുകൾ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.





Post a Comment

Previous Post Next Post