തൊടുപുഴ: മുള്ളരിങ്ങാട്ടെ കാട്ടാന ആക്രമണം തുടരുന്നു. മുളളരിങ്ങാട് അമയല്‍തൊട്ടി ഭാഗത്താണ് വീണ്ടും കാട്ടാനശല്യം ഉണ്ടായത്.
രാത്രിയിലെത്തിയ കാട്ടാന എടപ്പാട്ട് ശിവദാസിന്റെ വീട്ടുമുറ്റത്ത് നിന്ന തെങ്ങും, വാഴകളും നശിപ്പിച്ചു. കിണറിന്റെ സമീപത്ത് നിന്ന തെങ്ങാണ് കാട്ടാന നശിപ്പിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയാണ് ആന വന്നതെന്ന് വീട്ടുകാര്‍ പറയുന്നു. കാട്ടാനയെ കണ്ട് വളര്‍ത്ത് നായകള്‍ തുടര്‍ച്ചയായി കുരച്ച് ബഹളം വച്ചെങ്കിലും ഭയമായതിനാല്‍ വീട്ടുകാര്‍ പുറത്തിറങ്ങിയില്ല. ഇവരുടെ പറമ്ബിലുള്ള ചക്കയും കൊക്കോയും കുരങ്ങുകള്‍ പറിച്ച് നശിപ്പിക്കുന്നതും പതിവാണ്. ഇവരുടെ തന്നെ മറ്റൊരു പറമ്ബില്‍ നിന്ന പന കഴിഞ്ഞ ദിവസം കാട്ടാന മറിച്ചിട്ടിരുന്നു.
കാട്ടാനയും കാട്ടുപന്നിയും കുരങ്ങുമൊക്കെയായി യാതൊരുവിധ കൃഷികളും ചെയ്തു പ്രദേശത്ത് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് പ്രദേശവാസിയായ എടപ്പാട്ട് ശിവദാസ് പറഞ്ഞു. ജോര്‍ജ് പാറേക്കോട്ടില്‍ എന്നയാളുടെ മുറ്റത്ത് നിന്ന് കുലച്ച വാഴയും കാട്ടാന നശിപ്പിച്ചു. ഈ മേഖലയില്‍ മൂന്നോളം കാട്ടാനകള്‍ സ്ഥിരമായി ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈദ്യുതി വിതരണം ഇല്ലാത്ത ദിവസം പ്രദേശത്ത് ഭീതി ജനകമായ അന്തരീക്ഷമാണ്. എത്രയും വേഗം ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Post a Comment